Wednesday 28 March 2018

സുഡാനി ഫ്രം നൈജീരിയ



സിനിമ ഒരു ഭാഷയാണ്. ചിലപ്പോൾ അതിന് ഭാഷയേ ഇല്ല. സിനിമ സംവേദനത്തിന്റെ കല കൂടിയാണ്. ഹൃദയത്തിന്റെ ഭാഷയിൽ സംവദിക്കുന്നതു കൊണ്ടാകണം ചിലപ്പോൾ അതിന് കറുപ്പിന്റേയും വെറുപ്പിന്റേയും കനത്ത മതിൽക്കെട്ടുകൾ പൊളിക്കാനാവുന്നത്.

സുഡാനി ഫ്രം നൈജീരിയ ഒരുപാട് നാനാർത്ഥങ്ങളുള്ള ഒരഭ്രകാവ്യമാണ്. കറുത്തവന്റെ, പാർശ്വവത്ക്കരിക്കപ്പെട്ടവന്റെ, കുടിയൊഴിക്കപ്പെട്ടവന്റെ, ആഭ്യന്തര കലാപതീയിൽ ഒറ്റപ്പെട്ടു പോയവന്റെ, ഒരു നേരത്തെ ആഹാരവും ഒരിറ്റുവെള്ള വം സ്വപ്നം കാണുന്നവന്റെ ജീവിതനേർക്കാഴ്ച്ചയിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ സിനിമ.

അതിൽ കഥപാത്രങ്ങളില്ല. ജീവിതങ്ങളേയുള്ളൂ. അതിൽ കടും വർണ്ണങ്ങളിൽ ചാലിച്ചെടുത്ത ചിത്രങ്ങളില്ല.നന്മയുടെ നൂലിഴകളിൽ നെയ്തെടുത്ത, ഹൃദയത്തിൽ കനിവലിഞ്ഞൊഴുകുന്ന ജീവനുകളേയുള്ളൂ...

ഈ സിനിമ മലബാറിന്റെ നന്മയായി കാണാനല്ല എനിക്കിഷ്ടം.മറിച്ച് കേരളത്തിൽ ഇനിയും ഉറവ വറ്റിയിട്ടില്ലാത്ത, മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനുഷ്യരുടെ കഥ പറയുന്ന സിനിമ എന്നു പറയാനാണ്.

സുഡാനി, നീയെന്നെ വല്ലാതെ കണ്ണീരണിയിച്ചു.അതിജീവനത്തിന്റെ കരുത്തിനെ ഫുട്ബോളിന്റെ മാസ്മരികതയിൽ മേയാൻ വിട്ട് ഉള്ളിലെ സങ്കടക്കടലിനെ കളിക്കളത്തിന്റെ ആരവത്തിൽ അലിയിച്ചില്ലാതാക്കുന്ന നിന്റെ ആ മാന്ത്രികവിദ്യ ഞങ്ങൾക്കന്യമാണ്.

പോകാൻ നേരം നീ ഊരി നൽകിയ ആ ടീ ഷർട്ട് ഉണ്ടല്ലോ അതിൽ വിലമതിക്കാനാവാത്ത നിന്റെ ഓർമ്മയുടെ മണമുണ്ട്. പരസ്പരം നിങ്ങൾ കൈമാറിയത് വെറും രണ്ട് കുപ്പായങ്ങളല്ല; രണ്ട് സംസ്കാരങ്ങളായിരുന്നു.

മജീദേ, അസംഖ്യം വൈജാത്യങ്ങൾക്കും
ഇടുങ്ങിയ വേലിക്കെട്ടുകൾക്കുമപ്പുറത്ത് ഒരു കറുത്തവനോട് നീ കാണിച്ച തന്മയീഭാവമുണ്ടല്ലോ അതാണ് നിന്നെ ഒരു വിശ്വപൗരനാക്കുന്നത്.

ഉമ്മ, ആരെന്നു പോലുമറിയാത്ത ഒരു മുത്തശ്ശിയുടെ ആത്മാവിന് നിങ്ങൾ നൽകിയ പ്രാർത്ഥനയുണ്ടല്ലോ.. അവന്റെ കുഞ്ഞുപെങ്ങൾക്ക് നിങ്ങൾ കരുതിവെച്ച ആ കുഞ്ഞു കമ്മലുകളുണ്ടല്ലോ..... നെഞ്ചു വിങ്ങി കരഞ്ഞു പോയി ഞാൻ....

സക്കറിയ,'ഫാദർ ...ഫാദർ' എന്ന ആത്മഗതം പോലെയുള്ള ഒരു കുഞ്ഞു സംഭാഷണത്തിന്റെ നാനാർത്ഥ തലങ്ങൾ പ്രേക്ഷകനിലേക്കെത്തിച്ച നിങ്ങളുടെ ആ തിരക്കഥയിലെ, സംവിധാനത്തിനത്തിലെ മിടുക്കുണ്ടല്ലോ അത് നിങ്ങളെ മലയാള സിനിമയിൽ എന്നും ഓർമ്മിക്കുന്നവനാക്കും....

സുഡാനി ഒരു സിനിമയേയല്ല.......