Friday, 19 May 2017

രാമന്റെ ഏദൻ തോട്ടം
ഏദൻ തോട്ടം ആകർഷകമാണ്. ശരിതെറ്റുകളുടെ കായ്കനികൾ അവിടെ ധാരാളമുണ്ട്.. ഏതു വേണമെങ്കിലും ഭക്ഷിക്കാൻ ഉള്ള സ്വാതന്ത്ര്യമുണ്ട്.അതേസമയം ഏതു വേണം ഏതു വേണ്ട എന്നു തെരഞ്ഞെടുക്കാനുള്ള അവകാശം ഒരോ മനുഷ്യന്റേതുമാണ്.
ചില പെൺ ബന്ധങ്ങൾക്ക് പേര് നൽകാനാവില്ല. നിർവ്വചനങ്ങളുടെ മതിൽക്കെട്ടിനകത്ത് തളയ്ക്കാനുമാകില്ല.സമൂഹത്തിലെ സദാചാരികൾ ആൺ- പെൺ സൗഹൃദങ്ങൾക്ക് ചില വേലിക്കെട്ടുകൾ നിശ്ചയിച്ചിട്ടുണ്ട്. അതിനപ്പുറം താണ്ടിയാൽ അവർക്ക് ഹാലിളകും.
ഏതു പ്രണയത്തിലും ഒരു ഗാഢ സൗഹൃദത്തിന്റെ ഉപ്പ് അലിഞ്ഞു ചേർന്നിരിക്കും. എന്നാൽ എല്ലാ സൗഹൃദങ്ങളും പ്രണയത്തിന്റെ വഴിയിൽ എത്തിച്ചേരണമെന്നുമില്ല. ആൺ പെൺ ബന്ധത്തിന് ഒരു പുതിയ ഭാഷ്യം ചമയ്ക്കുകയാണ് രഞ്ജിത്ത് ശങ്കർ തന്റെ പുതിയ സിനിമയിലൂടെ. വർത്തമാന കുടുംബബന്ധങ്ങളുടെ നേർക്കാഴ്ചകളുണ്ട് ചിത്രത്തിൽ. ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കിക്കഴിയുന്ന ഒരു പെണ്ണിന്റെ നിറം മങ്ങിയ സ്വപ്നങ്ങളുണ്ടതിൽ . വർണ്ണച്ചിറകേറി പറക്കാൻ കൊതിക്കുന്ന അവളുടെ പ്രത്യാശകളുണ്ട്. സുന്ദര കാമനകളുണ്ട്. ഉത്തരവാദിത്തങ്ങളുടെ നുകം പേറി തളരുമ്പോഴും അവൾ അധികമൊന്നും പ്രതീക്ഷിക്കുന്നില്ല..: കൊച്ചു കൊച്ചു സാന്ത്വന വാക്കുകളും കരുതലുകളുമല്ലാതെ. നമ്മെ ഏറെ സ്നേഹിക്കുന്നവർ, മനസ്സിലാക്കുന്നവർ - അവർ പറയുമ്പോൾ നാം നിരാശയുടെ കുഴിമാടങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേല്ക്കും. അങ്ങനെ ഉയിർത്തെഴുന്നേൽക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് 'രാമന്റെ ഏദൻ തോട്ടം''. രാമൻ ഒരു നിമിത്തം മാത്രമാണ്. അവളുടെ ഉള്ളിലേക്ക് പിടിച്ച ഒരു കണ്ണാടി. അതിലൂടെയാണ് തിരിച്ചറിവിന്റെ വെള്ളിവെളിച്ചം അവളിലേക്ക് പെയ്തിറങ്ങുന്നത്.
രാമൻ കുഞ്ചാക്കോ ബോബന്റെ കരിയർ ഗ്രാഫ് ഒന്നുകൂടി ഉയർത്തുന്നുണ്ട്. കഥാപാത്രത്തിന്റെ പക്വതയിലേയ്ക്ക് ഉയരാൻ കുഞ്ചാക്കോക്ക് ആയിട്ടുണ്ട്. മാലിനിയായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അനു സിത്താരയ്ക്കായി .തട്ടുപൊളിപ്പൻ കോമഡി വേഷങ്ങളിൽ നിന്ന് ജോജുവിനെ മോചിപ്പിക്കാൻ സമയമായിരിക്കുന്നു. തികഞ്ഞ അഭിനേതാവിന്റെ കയ്യടക്കത്തോടെ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ജോജുവിനായി .
ബിജി ബാലിന്റെ സംഗീതം എടുത്തു പറയേണ്ടതാണ്. മികച്ച വരികളും ഈണവും ചിത്രത്തെ കൂടുതൽ ഇമ്പമുള്ളതാക്കുന്നു. പ്രവീൺ ഭട്ടിന്റെ ക്യാമറയും മനോഹരമാണ്.
അകിരാ മിയാവാകി എന്ന ജാപ്പനീസ് പ്രകൃതി ശാസ്ത്രജ്ഞന്റെ ഓർമ്മപ്പെടുത്തലുകളിലൂടെ മണ്ണും മനുഷ്യനും പ്രകൃതിയും ചിത്രത്തിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്.
മാലിനിയുടെ അവസാന നൃത്തച്ചുവടുകൾ ആത്മനിർവൃതിയുടേതാണ്. ആ ചുവടുകളിൽ തന്റെ ജീവിതത്തിന്റെ താളം കണ്ടെത്താൻ അവൾക്കാകുന്നുണ്ട്.
പ്രകൃതിയോട് കൂട്ടുകൂടാൻ തോന്നുന്ന, മണ്ണിന്റെ മണമുള്ള ഒരു കൊച്ചു ചിത്രമാണ് 'രാമന്റെ ഏദൻ തോട്ടം: